11:59am 18 October 2026
NEWS
ഫ്രാൻസിൽ ഭരണകൂടത്തിനെതിരെ ജനരോഷം; പ്രതിഷേധം കലാപത്തിലേക്ക്; 1,200 പേർ അറസ്റ്റിൽ
18/10/2026  10:13 AM IST
nila
ഫ്രാൻസിൽ ഭരണകൂടത്തിനെതിരെ ജനരോഷം; പ്രതിഷേധം കലാപത്തിലേക്ക്; 1,200 പേർ അറസ്റ്റിൽ

പാരീസ്: ജീവിതച്ചെലവിലെ വർധനയും സർക്കാർ നയങ്ങളും ചോദ്യം ചെയ്ത് ഫ്രാൻസിൽ നടന്ന രാജ്യവ്യാപക പ്രതിഷേധം അക്രമാസക്തമായി. പാരീസ് ഉൾപ്പെടെ വിവിധ നഗരങ്ങളിൽ പ്രതിഷേധക്കാർ പോലീസുമായി ഏറ്റുമുട്ടിയതോടെ തീവെപ്പ്, കടകൾ കൊള്ളയടിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ സംഭവങ്ങൾ അരങ്ങേറി. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം 1,200-ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു. അക്രമം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുന്നറിയിപ്പ് നൽകി.

വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾ, ജോലിസ്ഥലങ്ങളിലെ മോശം സാഹചര്യങ്ങൾ, പോലീസിന്റെ കടുത്ത നടപടികൾ എന്നിവയിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ആരംഭിച്ച സമരമാണ് പിന്നീട് വലിയ ജനകീയ പ്രക്ഷോഭമായി വളർന്നത്. വിലക്കയറ്റം മൂലം ജീവിതം ദുസ്സഹമാകുന്നുവെന്ന പരാതിയുമായി തൊഴിലാളികൾ, അധ്യാപകർ, കർഷകർ, പെൻഷൻകാർ, തൊഴിലാളി യൂണിയനുകൾ, യെല്ലോ വെസ്റ്റ് പ്രസ്ഥാനത്തിന്റെ അനുഭാവികൾ എന്നിവരും സമരത്തിന്റെ ഭാഗമായി.

സിജിടി (CGT) ട്രേഡ് യൂണിയന്റെ കണക്കുകൾ പ്രകാരം രാജ്യവ്യാപകമായി 5.5 ലക്ഷത്തോളം പേർ പ്രതിഷേധങ്ങളിൽ പങ്കെടുത്തു. പാരീസിൽ മാത്രം ഒരു ലക്ഷത്തിലധികം ആളുകൾ തെരുവിലിറങ്ങി. വലിയ ജനക്കൂട്ടം അണിനിരന്ന റാലികൾ പല നഗരങ്ങളിലും സംഘർഷത്തിലേക്ക് നീങ്ങുകയായിരുന്നു.

പ്രകടനങ്ങൾക്കിടെ മുഖംമൂടി ധരിച്ച ചിലർ പോലീസിനു നേരെ പടക്കങ്ങളും സ്ഫോടകവസ്തുക്കളും എറിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ചു. ഇതിനു പിന്നാലെ വിവിധ നഗരങ്ങളിൽ വാഹനങ്ങൾക്കും ബാരിക്കേഡുകൾക്കും തീയിട്ടു. കടകളും വ്യാപാര സ്ഥാപനങ്ങളും വ്യാപകമായി ആക്രമിക്കപ്പെട്ടു.

പാരീസിൽ കടകളും റെസ്റ്റോറന്റുകളും തകർക്കുകയും ഒരു ബാറിന് തീയിടുകയും ചെയ്തു. ചില പ്രതിഷേധക്കാർ മാക്രോണിന്റെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചുകയറുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

ബോർഡോയിൽ ആപ്പിൾ സ്റ്റോറുകൾക്കും ആഡംബര ബ്രാൻഡുകളായ ലൂയി വിറ്റോൺ, ഹെർമസ് എന്നിവയുടെ ഷോറൂമുകൾക്കും നേരെ ആക്രമണമുണ്ടായി. സ്ഥാപനങ്ങളുടെ ചില്ലുകൾ തകർത്ത ശേഷം സാധനങ്ങൾ കൊള്ളയടിച്ചതായാണ് റിപ്പോർട്ടുകൾ. ലിമോഷിൽ നഗരസഭാ കാര്യാലയം ഉൾപ്പെടെയുള്ള പൊതുകെട്ടിടങ്ങൾക്ക് തീയിട്ടു. തീപിടിത്തത്തെ തുടർന്ന് ഒരു കെട്ടിടത്തിന്റെ മേൽക്കൂരയുടെ ഭാഗം തകർന്നുവീണു.

മാർസെയിൽ നഗരസഭാ ആസ്ഥാനത്ത് അതിക്രമിച്ചുകയറിയ അക്രമികൾ നാശനഷ്ടങ്ങൾ വരുത്തി. ഫ്രാൻസിന്റെ ദേശീയ പ്രതീകമായ മരിയാനെയുടെ അർധകായ പ്രതിമ തകർത്തതായും ടെലിവിഷൻ സെറ്റുകൾ നശിപ്പിക്കുകയും ചുവരുകളിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് ചിഹ്നങ്ങൾ വരയ്ക്കുകയും ചെയ്തതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലിയോണിലെ ഒരു വിനോദസഞ്ചാര കേന്ദ്രത്തിനും തീയിട്ടു.

പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലിൽ 60 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി ആഭ്യന്തരമന്ത്രി ലോറന്റ് നുണെസ് അറിയിച്ചു. ബോധരഹിതരായ രണ്ടു പോലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

സെയിന്റ് എറ്റിയെന്നിൽ പോലീസ് ഉപയോഗിച്ച സുരക്ഷാ ഗ്രനേഡ് പൊട്ടിത്തെറിച്ച് ഒരു പ്രതിഷേധക്കാരന് കൈ നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

സംഭവങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, അക്രമികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. വിലക്കയറ്റത്തിനെതിരായ ജനരോഷം വ്യാപകമായ അക്രമത്തിലേക്ക് നീങ്ങിയതോടെ ഫ്രാൻസിലെ വിവിധ നഗരങ്ങളിൽ സംഘർഷാവസ്ഥ രൂക്ഷമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img